This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ക്വോ വാറണ്ടോ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ക്വോ വാറണ്ടോ

Quo Warranto

പരമാധികാര നീതിപീഠങ്ങള്‍ പുറപ്പെടുവിക്കുന്ന റിട്ടുകളില്‍ ഒന്ന്. എന്തധികാരത്തില്‍ (By what warranty?, By what authority?) എന്നാണ് ഈ സംജ്ഞയുടെ അര്‍ഥം. സര്‍ക്കാരുദ്യോഗം വഹിക്കുന്നവര്‍ക്കെതിരായാണ് ഈ റിട്ടു പുറപ്പെടുവിക്കുന്നത്. സര്‍ക്കാര്‍ സര്‍വീസില്‍ നിശ്ചിത യോഗ്യതയുള്ളവര്‍ മാത്രമേ നിശ്ചിത ഉദ്യോഗങ്ങള്‍ വഹിക്കാവൂ എന്ന് നിബന്ധനയുള്ളപ്പോള്‍ അത്തരം യോഗ്യത ഇല്ലാത്തവര്‍ ആ സ്ഥാനങ്ങള്‍ വഹിക്കുകയാണെങ്കില്‍ അവരുടെ ഉദ്യോഗസ്ഥാനത്തെ ചോദ്യം ചെയ്യുന്നതിനാണ് ഈ റിട്ടുപയോഗിക്കുന്നത്.

ഇംഗ്ലണ്ടിലാണ് ക്വോ വാറണ്ടോ റിട്ടു പുറപ്പെടുവിക്കുന്ന സമ്പ്രദായം ഉടലെടുത്തത്. ആദ്യകാലങ്ങളില്‍ ഇംഗ്ലണ്ടിലെ രാജാവിനു മാത്രമേ ഈ റിട്ട് പുറപ്പെടുവിക്കാനുള്ള അധികാരമുണ്ടായിരുന്നുള്ളൂ. രാജാവിന്റെ കോടതിയായ 'കിങ്സ് ബഞ്ച്' ആണ് ഈ വിശേഷാധികാര കല്പന പുറപ്പെടുവിച്ചിരുന്നത്. പിന്നീട് പല നിയമങ്ങളിലൂടെ ഈ റിട്ടിന്റെ സ്വഭാവത്തില്‍ മാറ്റമുണ്ടായി. ഇന്ന് ഈ റിട്ട് പുറപ്പെടുവിക്കാനുള്ള അധികാരം ഉപരിനീതിപീഠങ്ങളില്‍ നിക്ഷിപ്തമായിട്ടുണ്ട്.

യു.എസ്സിലെ മിക്ക സ്റ്റേറ്റുകളിലും അറ്റോര്‍ണി ജനറല്‍ ആണ് ഔദ്യോഗികമായോ സ്വകാര്യവ്യക്തികള്‍ക്കു വേണ്ടിയോ ഈ റിട്ട് പുറപ്പെടുവിക്കുവാന്‍ അപേക്ഷിക്കുന്നത്.

'ഹേബിയസ് കോര്‍പ്പസ്', 'മാന്‍ഡേമസ്', 'പ്രൊഹിബിഷന്‍', 'സെര്‍ഷിയോററി' എന്നിവയാണ് ഇതരറിട്ടുകള്‍. ഇംഗ്ലണ്ടിലെ കോമണ്‍ ലോയുടെ ചുവടുപിടിച്ചുകൊണ്ട് ക്വോ വാറണ്ടോ ഉള്‍പ്പെടെയുള്ള റിട്ടുകള്‍ പുറപ്പെടുവിക്കുന്നതിനുള്ള വ്യവസ്ഥകള്‍ ഇന്ത്യന്‍ ഭരണഘടനയിലും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയില്‍ റിട്ടുകള്‍ പുറപ്പെടുവിക്കുന്നതിനുള്ള അധികാരം സുപ്രീംകോടതിക്കും ഹൈക്കോടതികള്‍ക്കുമാണ്.

ഇന്ത്യന്‍ ഭരണഘടനയുടെ മൂന്നാംഭാഗത്തില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ള മൗലികാവകാശങ്ങള്‍ പ്രാവര്‍ത്തികമാക്കുന്നതിനു സുപ്രിം കോടതി മുമ്പാകെ അപേക്ഷിക്കാനുള്ള അവകാശം ഇന്ത്യന്‍ പൗരനു നല്കുന്നതാണ് ഭരണഘടനയിലെ 32-ാം അനുച്ഛേദം. മൂന്നാം ഭാഗത്തില്‍ നല്കപ്പെട്ടിട്ടുള്ള അവകാശങ്ങള്‍ പ്രാവര്‍ത്തികമാക്കുന്നതിന് ക്വോ വാറണ്ടോ ഉള്‍പ്പെടെയുള്ള റിട്ടുകളോ നിര്‍ദേശങ്ങളോ ഉത്തരവുകളോ പുറപ്പെടുവിക്കുന്നതിന് സുപ്രീം കോടതിക്ക് അധികാരം നല്കുന്നതാണ് 32(2) അനുച്ഛേദം ഇതേ അധികാരം ഹൈക്കോടതികള്‍ക്കു നല്കുന്നതാണ് 226-ാം അനുച്ഛേദം. നോ. റിട്ടുകള്‍

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍